മുഖമുദ്രയുടെ ഷൂട്ടിങ്‌ പുരോഗമിക്കുന്നതിനിടയിൽ അത് സംഭവിച്ചു കടുവയും ജഗധീഷും ഉടക്കി..! അലി അക്ബർ എഴുതുന്നു..

സീൻ 2
അതിരാവിലെ എഴുന്നേറ്റു...
ലൊക്കേഷനിലേക്ക്... സഹായികളോടും കലാസംവിധായകർക്കും നിർദ്ദേശം നൽകി തിലകന്റെ കള്ളൻ കഥാപാത്രവും ലളിതച്ചേച്ചിയും സിദധിക്കും  ഉൾപ്പെടുന്ന സീനാണ് ആദ്യം പ്ലാൻ ചെയ്തത്.. 
കവിയൂർ പൊന്നമ്മച്ചേച്ചി  വന്നു അവരെ ആദ്യമായി പരിചയപ്പെട്ടു.പിന്നെ ലളിതച്ചേച്ചിയും, സിദധിക്കും, ജഗദീഷും എത്തി അവരെ മുഖചിത്രത്തിന്റെ സെറ്റിൽ വച്ചു പരിചയപ്പെട്ടിരുന്നു... ഇനി വരേണ്ടത് കടുവ ആണ്.. മനക്കരുത്തു നേടാൻ വീടിനുവെളിയിലെ ഒരു കോണിലെ വരാന്തയിലെത്തി സിഗരറ്റിനു തീകൊളുത്തി.. ജനലിലൂടെ എനിക്ക് അകത്തെ കാഴ്ചകൾ കാണാം ലളിതച്ചേച്ചിയും പൊന്നമ്മച്ചേച്ചിയും ആട്ടുകട്ടിലിലിരിക്കുന്നു.... ദേണ്ടെ വരുന്നു കടുവ... കടുവ വലതുകലാണോ ഇടതു കാലാണോ ആദ്യം അകത്തു വച്ചത് എന്നെനിക്കോർമ്മയില്ല പക്ഷെ കടുവ ഹാളിലേക്ക് കടക്കുമ്പോൾ മൊഴിഞ്ഞ ഡയലോഗ് ഇപ്പോഴും ചെവിയിലുണ്ട്, അതിതായിരുന്നു. 
"ഈ അലിഅക്ബർ എന്ന പേര് ആദ്യായിട്ട് കേൾക്കയാ, അയാളൊരു സംവിധായകന്റെ കൂടെയും ജോലി ചെയ്തിട്ടില്ലത്രേ... പയ്യനാണ് പോലും... എവിടെ ചെന്ന് അവസാനിക്കുമോ ആവോ? 


തുടക്കം അസ്സലായി, വയറു നിറഞ്ഞു.... 
നേരാണ് 26 വയസ്സുമാത്രമാണ് എനിക്ക് പ്രായം, അക്കാലത്ത് ഒരു സംവിധായകന്റെ കീഴിൽ ക്ലാപ്പടിച്ചും,ഒന്നും രണ്ടും മൂന്നും സഹായിയായി പിന്നെ അസോസിയേറ്റ് ആയി വര്ഷങ്ങളോളം ജോലി ചെയ്താലേ ഒരു സംവിധായകനാവൂ... അപ്പഴാ ആരുടേയും കൂടെ ജോലിചെയ്യാത്ത ഒരാൾ 24ആമത്തെ വയസ്സിൽ  അവാർഡ് വാങ്ങിയ പയ്യൻ തിലകനെപ്പോലെ സീനിയറായ നടനെ വച്ചു ഡബിൾ റോളിൽ  കൊമേഴ്ഷ്യൽ സിനിമ ചെയ്യാൻ പോകുന്നു... അഹങ്കാരം അല്ലേ 😄
കടുവയുടെ ഡയലോഗ് ഒരു കാര്യം എനിക്ക് ഉറപ്പു തന്നു "ഒന്നുകിൽ മരണം... അല്ലെങ്കിലും   മരണം. എന്നാൽ പിന്നെ കടുവയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ മരിച്ചുവീഴുന്നതല്ലേ നല്ലത് അപ്രകാരം ഉറപ്പിച്ചു. ഒരു സിഗരറ്റിനു കൂടി തിരി കൊളുത്തി... കടുവയുടെ അടുക്കലേക്ക് പോകണ്ട എന്നുവെച്ചു... സംവിധായകൻ സിദ്ധിക്ക് വന്നുവെന്ന് സഹായി വന്നു പറഞ്ഞു.. അദ്ദേഹത്തെ പോയി കണ്ടു സംസാരിച്ചു സംസാരത്തിനിടയിൽ കടുവ അദ്ദേഹത്തിന്റെ സെറ്റിൽ അഴിഞ്ഞാടിയ കഥ പറഞ്ഞു, അലി എങ്ങിനെ അയാളെ മേയ്ക്കും എന്ന ചോദ്യവും വന്നു..... 
സ്വിച്ചോൺ കഴിഞ്ഞു.... സീൻ കടുവയ്ക്ക് വിവരിച്ചുകൊടുത്തു,... പട പടാന്നു ആദ്യ സീൻ തീർത്തു,. കടുവയ്ക്ക് തൃപ്തിയായി സീൻ കഴിഞ്ഞ ബ്രേക്കിൽ കടുവ എന്നേ അടുത്ത് വിളിച്ചു ചോദിച്ചു സത്യം പറ താനാരുടെ കൂടെയൊക്കെ ജോലിചെയ്തിട്ടുണ്ട്..? 
ഇല്ല ചേട്ടാ ഞാൻ ചെറിയൊരു ഇന്സ്ടിട്യൂട്ടിലാ പഠിച്ചത് ആരുടെയും സഹായിയായി ജോലി ചെയ്തിട്ടില്ല... 
എന്തായാലും കൊള്ളാം തനിക്ക് പണിയറിയാം നന്നായി വരും.. 
ഹാവൂ 
എനിക്ക് കിട്ടിയ നാഷണൽ അവാർഡായിരുന്നു ആ വാക്കുകൾ... 
ഗുരുക്കന്മാർക്ക് നന്ദി... അതേ KK ചന്ദ്രൻ, ആദം അയ്യുബ് ഇവരിൽ നിന്നാണ് ഞാൻ പഠിച്ചത്,  ക്‌ളാസ് റൂമിൽ വച്ച്,
ഒരാൾ സിനിമയുടെ ആത്മാവിനെയും ഒരാൾ സിനിമയുടെ ടെക്‌നിക്കിനെയും പഠിപ്പിച്ചു..
അവരുടെ ഗുരുത്വം എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.. ഒരു സിനിമ കൃത്യമായി ചാർട്ട് ചെയ്യാൻ പഠിപ്പിച്ചത് അയ്യുബ് സാറാണ്, 
ഓരോ ഷോട്ടിന്റെയും അർത്ഥം പഠിപ്പിച്ചത് KK.ചന്ദ്രൻ സാറാണ് അദ്ദേഹം  ഓർമ്മയായി...  മറ്റൊരാളുണ്ടായിരുന്നു ഫോട്ടോഗ്രാഫി ഗുരു പ്രീതി സാർ, അദ്ദേഹവും ഇന്നില്ല. 

മുഖമുദ്രയുടെ ഷൂട്ടിങ്‌ പുരോഗമിക്കുന്നതി നിടയിൽ അത് സംഭവിച്ചു 
കടുവയും ജഗധീഷും ഉടക്കി, 
ഉടക്കി എന്ന് പറഞ്ഞാൽ പോരാ മുട്ടനുടക്ക്.. ഉടക്കിനിടയിൽ പെട്ട് ഞാൻ പെടാപ്പാട് പെട്ടു... ദൈവമേ ഈ ഗതി ഒരു സംവിധായകനും വരല്ലേ... 

തുടരും.





Post a Comment

0 Comments

Top Post Ad

Below Post Ad