നിയന്ത്രണം വിട്ടുപോയ ഒരു പട്ടമായിരുന്നു മണി... കുറേ ഒട്ടുസ്രാവുകളാണ് മണിയെ ഇല്ലാതാക്കിയത്...അലി അക്ബർ എഴുതുന്നു


B com ഒരിക്കലും ഇഷ്ട വിഷയമായിരുന്നില്ല.. ഡ്രാമ സ്കൂളിൽ പോകണമെന്നുണ്ടായിരുന്നു വീട്ടുകാർ വിട്ടില്ല... കോളേജിൽ ചേരുന്നത് തന്നെ കൂലി കൊടുത്ത് ഒരു സഹോദരനെ ഉണ്ടാക്കിയാണ്.... എന്റെ സഹോദരിൽ ആരും ഡിഗ്രി ചെയ്തിട്ടില്ല... ഫീസ് തരാൻ പോലും ആരും ഉണ്ടായിട്ടില്ല... ചിലപ്പോഴെക്കെ ആലോചിക്കുമ്പോൾ തോന്നും, ദൈവം വളർത്തിയ സന്തതിയാണ് ഞാനെന്ന്... തോന്നലല്ല അതാണ് ശരി... 
ഓർമ്മ വയ്ക്കും മുൻപ് വ്യക്തമല്ലാത്ത കുഞ്ഞോർമ്മകൾ മാത്രം ബാക്കിയാക്കി പിതാവ് പോയി.. ക്യാൻസർ ആയിരുന്നു വില്ലൻ.... നാട്ടിലെ പ്രമാണിയായിരുന്നു... അബൂബക്കർ സാഹിബ്‌...ആ വിയോഗം ആ ശൂന്യത  അതുകൊണ്ട് തന്നെ സ്നേഹവും കരുതലും ഞാൻ അറിഞ്ഞിട്ടില്ല.. വലിയ കുടുംബത്തിന്റെ ഭാരം പേറിയ ഉമ്മയ്ക്ക് മറ്റൊന്നിനും സമയം കിട്ടിയില്ല.... ബന്ധങ്ങൾ മുറിയാതെ നിൽക്കണമെങ്കിൽ സ്നേഹം കൊണ്ട് കൂട്ടി വിളക്കണം ആ കൂട്ടിവിളക്കില്ലാത്ത കുടുംബമായിരുന്നു എന്റേത്.. ഒരുമിച്ചു നിന്നില്ല, ഒരുമിച്ചു ചിന്തിച്ചില്ല അതുകൊണ്ട് തന്നെ ചിതറിപ്പോയി... 
മദ്യം എന്റെ കുടുംബത്തിൽ സമാധാനം നശിപ്പിക്കുന്നത് നന്നായി കണ്ടറിഞ്ഞത് കൊണ്ടു തന്നെ എന്റെ കുടുംബത്തെ മറന്നുകൊണ്ട് അതിനു പിന്നിൽ സഞ്ചരിച്ചിട്ടില്ല. 
തല തിരിഞ്ഞു പോകാവുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടും അതിനെ തരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്... അതുകൊണ്ട് തന്നെയാണ് ചലച്ചിത്ര മേഖലയിൽ കാര്യമായി  ചീത്തപ്പേര് സമ്പാദിക്കാതിരുന്നതും... ഒരു മുഴു മദ്യപാനിയെ നിലയ്ക്ക് നിറുത്തിയ കഥ ഇപ്പോൾ ഓർമ്മ വന്നു മറ്റാരുമല്ല സാക്ഷാൽ നരേന്ദ്ര പ്രസാദ് സാറിനെ തന്നെ. ഉണ്ണിവന്ന നാൾ എന്ന സീരിയലിൽ പ്രസാദ് സാറും സീനത്തുമായിരുന്നു മുഖ്യ കഥാപാത്രങ്ങൾ.. പ്രസാദ് സാറിന് ജോലിക്കിടയിൽ മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.. ഡേറ്റ് വാങ്ങിക്കുമ്പഴേ വർക്ക് സമയത്ത് മദ്യപിക്കരുതെന്ന് ചട്ടം കെട്ടിയിരുന്നു, സെറ്റിലേക്ക് മദ്യം എത്താതിരിക്കാൻ കരുതലും എടുത്തിരുന്നു... ആദ്യ ദിവസത്തെ ഷൂട്ടിങ് നന്നായി പുരോഗമിച്ചു രാത്രിയിൽ ഒരു നല്ല സീൻ പ്ലാൻ ചെയ്തു ഒരു പഴയ തറവാട് മുഴുവൻ ഒരു ഷോട്ടിന് വേണ്ടി light up  ചെയ്തു അതിന് നന്നായി സമയം എടുത്തു.. എല്ലാം കഴിഞ്ഞു സാറിനെ വിളിപ്പിച്ചു.. ഞാൻ തറവാട് മുറ്റത്ത് ക്യാമറയ്ക്ക് പിന്നിൽ നിൽക്കുമ്പോൾ പ്രസാദ് സാർ ലെവൽ തെറ്റി ആടി കുഴഞ്ഞു നടന്നു വരുന്നതാണ് കണ്ടത്.. ചുമരിൽ താങ്ങി താങ്ങിയാണ് വരവ് ക്യാമെറയ്ക്കടുത്തെത്തി പുള്ളിക്കാരൻ നാവുകുഴഞ്ഞു കൊണ്ട് പറഞ്ഞു റെഡി... എനിക്ക് അരിശവും സങ്കടവും കൊണ്ട് മേല് വിറച്ചു ഞാൻ അലറി.... പാക്കപ്പ്...

 പുള്ളിക്കാരൻ അത്ര പ്രതീക്ഷിച്ചില്ല... 
രാത്രിയിൽ അദ്ദേഹത്തിന്റെ റൂമിൽ ചെന്നപ്പോൾ കുളിച്ചൊരുങ്ങി അടുത്ത കുടിക്കാൻ തുടങ്ങാനുള്ള പുറപ്പാടിലാണ്... 
ഒരു ഫുൾ ബോട്ടിൽ ടീപോയിലുണ്ട്... എന്നേ കണ്ടതും പറഞ്ഞതിതാണ്... "താനൊരു മേത്തനായതുകൊണ്ടാവും മദ്യത്തോടിത്ര വെറുപ്പ് അല്ലേ "
ഞാൻ ഒന്നും മിണ്ടാതെ ഒരു ഗ്ളാസ്സെടുത്ത് കുപ്പിയിൽ നിന്നും രണ്ടു ലാർജ്ജ്  മദ്യം പകർന്നു വെള്ളം ചേർക്കാതെ വിഴുങ്ങി... അന്തം വിട്ട് നോക്കി നിന്ന സാറിനോട് പറഞ്ഞു "സാറെ നമ്മളെ ഒരു പ്രൊഡ്യൂസർ പറഞ്ഞ ശമ്പളം തന്നാണ് ഇവിടെ പണിക്ക് വിളിച്ചത്.. പാക്ക് അപ്പ് എന്ന് പറയുന്നത് വരെ ആ മുതലാളിക്ക് വേണ്ടി ആത്മാർത്ഥമായി  പണിയെടുക്കണം അത് കഴിഞ്ഞ് സാറിന്റെയോ എന്റെയോ സ്വകാര്യത ആവാം... ആകയാൽ  എന്നും ഷൂട്ടിങ് കഴിയുന്നത് വരെ ഒരു തുള്ളി തൊടരുത്.. വൈകിട്ട് ഞാൻ കമ്പനി തരാം... അന്നുമുതൽ സാർ ഷൂട്ടിങ്ങിനിടയിൽ ഒരു തുള്ളി കഴിച്ചില്ല... പകരം എനിക്ക് കമ്പനി കൊടുക്കേണ്ട പണികിട്ടി..ഞങ്ങൾ നാടക ലോകത്തെ കൂറിച്ചു ധാരാളം സംസാരിച്ചു... സാഹിത്യാദി കാര്യങ്ങളിൽ ഒരു എൻസൈക്ളോപീഡിയ ആയിരുന്നു പ്രസാദ് സാർ... സീരിയൽ കഴിഞ്ഞ് മരണം വരെയും സാർ ഇടയ്ക്കിടെ വിളിക്കുമായിരുന്നു... 
അതുപോലെ നിയന്ത്രണം വിട്ടുപോയ ഒരു പട്ടമായിരുന്നു മണി... കുറേ ഒട്ടുസ്രാവുകളാണ് മണിയെ ഇല്ലാതാക്കിയത്... എവിടെയോ എത്തേണ്ട ആളായിരുന്നു മണി... കാരിരുമ്പിന്റെ കരുത്തുള്ള ചെറുപ്പക്കാരൻ, അവസാനം.. അവസാനം നിയന്ത്രണം വിട്ട ഒരു പമ്പരം പോലെ ആയിപ്പോയി.... സെറ്റിൽ സുഹൃത്തുക്കളെന്നു വിളിക്കുന്ന കുറേപ്പേർ മണിയെ വലയം ചെയ്തു തുടങ്ങിയപ്പോഴേ പറഞ്ഞതാ സൂക്ഷിക്കണമെന്ന് കേട്ടില്ല.. 
മദ്യം മൂലം ഒരുപാട് നല്ല  നടന്മാർ സംവിധായകർ നമുക്ക് നഷ്ടമായിട്ടുണ്ട്.. അവർക്ക് പിന്നിലൊക്കെ ഇങ്ങിനെ ഒരു വലയം ഉണ്ടായിരുന്നു... 
കൊതിച്ചതൊന്നും നേടാതെ പോയവർ... 
അല്ലെങ്കിലും നമ്മളിൽ ഭൂരിഭാഗവും കൊതിച്ചതിന്റെ കൂടെ പോയവരല്ല വിധിച്ചതിന്റെ കൂടെ പോയവരാണ്... പഠിച്ച ഒരു നിയമങ്ങളും ജീവിതത്തിൽ ഭൂരിപക്ഷത്തിനും  ഉപയോഗപ്പെട്ടിട്ടില്ല... ബാലൻസ് ഷീറ്റ് തയ്യാറാക്കാൻ പഠിച്ച എനിക്ക് ഇതുവരെയും ജീവിതത്തിന്റെ ബാലൻസ് ഷീറ്റ് തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല... ഡെബിറ്റും ക്രെഡിറ്റും ഒരിക്കലും ബാലൻസ് ആവാതെ പോകുന്നു.... വിയർപ്പിന്റെ ഭൂരിഭാഗവും ബാങ്കിനെ നന്നാക്കാൻ കൊടുത്തു... ഇപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നു.... ആദ്യ മൊക്കെ ഭയമായിരുന്നു സാക്ഷാൽ കൃഷ്ണൻ സുഹൃത്തായി വന്നതിൽ പിന്നീട് അദ്ദേഹത്തിന്റെ നിയമമാണ് പിന്തുടരുന്നത്... ഗർഭപാത്രത്തിനു വെളിയിലേക്ക് വന്നപ്പോൾ ഒന്നും കൊണ്ട് വന്നിട്ടില്ലല്ലോ? 
ഇല്ല... 
ഇവിടുന്ന് മണ്ണിലേക്ക് പോകുമ്പോൾ വല്ലതും കൊണ്ടുപോകുന്നുണ്ടോ 
ഇല്ല.... 
ന്നാ പിന്നെ അങ്ങട്ട് പോവ്വാ... മേലെ ആകാശം താഴെ ഭൂമി.. അത്ര തന്നെ.... 
ഡിഗ്രി ഫൈനൽ വർഷം എത്തിയപ്പോൾ ഒരു ഗൂഡാലോചന വീട്ടിൽ കേട്ടു ഡിഗ്രി കഴിയട്ടെ അവനെ ബാങ്കിൽ ആക്കാം... ഒരു പെങ്ങളുടെ ഭർത്താവ് സഹകരണ ബാങ്കിൽ ബോർഡ് അംഗമായിരുന്നു... 
ഞാൻ മറ്റൊരു ഗൂഡാലോചന നടത്തി ഫൈനൽ ഇയർ എഴുതണ്ട.... 
ആ ഗൂഢാലോചനയാണ് നടന്നത്... എഴുതിയില്ല... ഒരു സഹകരണ ബാങ്കിലെ കസേരയിൽ ജീവിതം ഹോമിക്കുന്ന അലി അക്ബറിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ... . പതിവുപോലെ കലാപരിപാടികളും,.. 
കാമുകിയെ അവസാനമായി കണ്ടത് അവൾ ഒരിക്കൽ അവധിക്ക് വീട്ടിൽ വരുന്ന വഴിക്കാണ്.. ബസ്റ്റാന്റിൽ നിന്നും ക്യാമ്പസിലേക്ക് ഒരു ഊടുവഴിയുണ്ട്.. ഞങൾ ഒരുപാട് അത് വഴി നടന്നിട്ടുണ്ട്... ഒരിക്കൽ കൂടി അത് വഴി നടന്നു... ഓർമ്മകൾ അയവിറക്കി...
എനിക്ക് ഒരു പ്ലാൻ ഉണ്ടായിരുന്നു വിദ്യാഭ്യാസം കഴിഞ്ഞ് ഒരു വരുമാന മാർഗ്ഗം ശരിയാക്കിയതിനു ശേഷം ഒരുമിക്കുക... 
അതെല്ലാം പറഞ്ഞാണ് അന്ന് പിരിഞ്ഞത്... 
വീട്ടിൽ ഉമ്മയോട് ഇടയ്ക്കിടെ പറയുമായിരുന്നു ഇസ്ലാം മതത്തിൽ നിന്നും വിവാഹം കഴിക്കില്ല എന്ന്. ഉമ്മ അത് തമാശയായി എടുത്തു കാണും, ഒരിക്കൽ എന്റെ കാമുകിയെ മറ്റു കൂട്ടുകാർക്കൊപ്പം വീട്ടിൽ കൊണ്ടു വന്നിരുന്നു.. 
അവർ പോയിക്കഴിഞ്ഞു ഞാൻ പറഞ്ഞു അതിലെ  നയരൂട്ടിയാണ് എന്റെ പെണ്ണ്... ഉമ്മ കൊന്നില്ല എന്നേയുള്ളു.... 
ഡിഗ്രി ക്ലാസ്സുകൾ തീരാനിരിക്കുന്ന സമയത്ത് ഒരു റിഹേഴ്‌സൽ ക്യാംപിൽ പഴംപൊരി പൊതിഞ്ഞു കൊണ്ടുവന്ന പേപ്പറിൽ നിന്നാണ് തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിന്റെ പരസ്യം കാണുന്നത്... പ്രിൻസിപ്പൽ തിക്കുറിശ്ശി എന്ന് പരസ്യത്തിൽ കണ്ടതാണ് വിശ്വാസ്യതയ്ക്ക് കാരണം... ഡിറക്ഷൻ കോഴ്‌സിന് ചേരാൻ അപ്ലൈ ചെയ്യാൻ പ്ലാനിട്ടു... അന്ന് വിദേശത്തായിരുന്ന സഹോദരനോട് സഹായിക്കാമോ എന്ന് ചോദിച്ചു....പുള്ളി  സമ്മതിച്ചു.. 
അങ്ങിനെ തിരുവനന്തപുരത്തേക്ക്.... 
ചിത്രാഞ്ജലി സ്റ്റുഡിയോ  പ്രവേശന കവാടത്തിനോട്‌ ചേർന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട്. പ്രഭാകരൻ മുത്താന എന്നൊരു ചെറിയമനുഷ്യൻ ആയിരുന്നു MD, അധ്യാപകരായി KK.ചന്ദ്രൻ, ആദം അയ്യൂബ്,സ്റ്റിൽ ഫോട്ടോഗ്രാഫിക്ക്  പ്രീതി സാർ, പിന്നെ വീഡിയോഗ്രാഫിക്ക് അൻസാരി എന്നിവരായിരുന്നു, ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ കമ്പനി ആയി കിട്ടിയത് അനിലിനെ ആണ് (അനിൽബാബു വിലെ അനിൽ )പിന്നീട് ഏലിയാസ്, ദിലീപ്കവലയൂർ,  മനോജ്‌ k.ജയൻ,ഗോപൻ, വേലായുധൻ, സുധീർ, വേണു, കർമ്മചന്ദ്രൻ dr.നാസർ, അങ്ങിനെ ഓരോരുത്തരായി വന്നു... ആ ബാച്ചിൽ അൻപതോളം പേരുണ്ടായിരുന്നു... ഞങ്ങളുടെ ബാച്ചിന് ധാരാളം ഗസ്റ്റ്‌ ലക്ച്ചർമാരെ കിട്ടി... p.ഭാസ്കരൻ സാർ, ജോൺ എബ്രഹാം,, KG.ജോർജ്ജ്, പദ്മരാജൻ സാർ തുടങ്ങി ബഹുമുഖ പ്രതിഭകളുടെ ക്ലാസ്സ് കിട്ടി...

Post a Comment

0 Comments

Top Post Ad

Below Post Ad