അന്നൊക്കെയായിരുന്നു കോളേജ്... ഇപ്പോഴൊക്കെ എന്ത് കോളേജ്... അലി അക്ബർ എഴുതുന്നു


സീൻ 17
ബത്തേരിയിൽ നിന്നും അൽപ്പം മാറി കുന്നിൻ മുകളിലാണ് ഞങ്ങളുടെ സുന്ദരിയായ കോളേജ്... അൽപ്പം പുറകോട്ട് പോയാൽ കാടാണ്... അന്ന് കോളേജിന് സമീപമൊന്നും വലിയ ആൾതാമസം ഇല്ല, കൊളെജിനൊട് ചേർന്ന് ലേഡീസ് ഹോസ്റ്റൽ പുറകിലായി. മെൻസ് ഹോസ്റ്റൽ പ്രീ ഡിഗ്രി വിങ്ങിനോട് ചേർന്ന് പ്രിൻസിപ്പലിന്റ വസതി... കോളേജിലേക്ക് കയറുമ്പോൾ ഇടതു വശത്തു വലിയ ഗ്രൗണ്ട് അത് കഴിഞ്ഞാൽ വലിയൊരു മരമുണ്ടായിരുന്നു... ലവേർസ് കോർണർ... പിന്നീട് ഇന്ദിരാഗാന്ധി വന്നപ്പോൾ ഹെലിപാഡിനായി ആ മരം മുറിച്ചു... ഗ്രൗണ്ടിനും കോളേജിനുമിടയിൽ വലിയ പുൽത്തകിടിയായിരുന്നു ഞങ്ങളുടെ വിഹാരകേന്ദ്രം... എന്നെ വിളിക്കുന്നത് അലി.... മറ്റൊരു മുഹമ്മദലി ഉണ്ട് മുൻപേ നക്സലൈറ്റ് ആണ് എന്റെ അനുജത്തിയുടെ ഭർത്താവ്... അലി അക്ബർ എഴുതുന്നുഅന്നൊക്കെയായിരുന്നു കോളേജ്... ഇപ്പോഴൊക്കെ എന്ത് കോളേജ്... 32 ഇഞ്ച് സിബ് വച്ച ബെൽബോട്ടം പാന്റ്, ആട്ടിൻ ചെവി പോലെ കോളറുള്ള ഡബിൾ പോക്കറ്റ് ഷർട്ട്, രണ്ടര ഇഞ്ച് പൊക്കമുള്ള മുട്ടി ചെരുപ്പ് വീതിയുള്ള ബെൽറ്റ്... ഇതാണ് കോളേജ് കുമാരന്റെ വേഷം... പെമ്പിള്ളേർക്ക് അത്ര വല്യ ഫാഷൻ ഒന്നുമില്ല കുറച്ചു കുട്ടികൾ മിഡിയും ടോപ്പും, ബാക്കിയെല്ലാം പാവാടയും ജമ്പറും തന്നെ... കോളേജിൽ എപ്പോഴും തണുപ്പാണ്... 
അത്യാവശ്യം നല്ല റാഗിംഗ് ഉള്ള കാലഘട്ടം ആയിരുന്നു.. അന്ന് ഫസ്റ്റ് PDC ക്കാർ സെക്കൻഡ് PDC ക്കാരുടെ വിങ്ങിലേക്കോ ഡിഗ്രി വിങ്ങിലേക്കോ കടക്കാൻ പാടില്ല...റാഗിംഗ് സഹിക്കാൻ പറ്റുന്നതൊക്കെ സഹിച്ചു അതിന് മുകളിലേക്ക് എത്തിയപ്പോൾ ഒരു തല്ലുണ്ടായി.. കൊടുക്കാനുള്ളത് കൊടുത്തു... ഇതിനിടയിൽ പുസ്തകങ്ങൾ ചിതറി ചെളിയിൽ വീണു... അതുമെടുത്തു ഞാൻ പ്രിൻസിപ്പാലിന്ററൂമിലേക്കോടിക്കയറി... നിലവിളിച്ചു... റാഗ് ചെയ്തവരെ കാട്ടിത്തന്നാൽ മതി നടപടി എടുക്കാം എന്ന് പറഞ്ഞു എന്റെകൂടെ പുറത്തേക്കിറങ്ങി സീനിയേഴ്സ് എല്ലാം മുങ്ങിയിരുന്നു... പിന്നീട് ഓരോരുത്തരായി രഹസ്യമായി വന്ന് കാട്ടിക്കൊടുക്കരുത് എന്ന് പറഞ്ഞു സുല്ലിട്ടു... അതോടെ റാഗിങ്ങിൽ നിന്നും ഒഴിവായി... ഇലക്ഷൻ ആയി SFI നേതാക്കൾ വന്നു പറഞ്ഞു ഫൈൻ ആർട്സ് സെക്രട്ടറി ആയി മത്സരിക്കണമെന്ന്.. ഞാൻ ചോദിച്ചു നിങ്ങൾ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ഫസ്റ്റ് PDC കാരനായ എനിക്ക് ആ വിങ് വിട്ട് മറ്റൊരു വിങ്ങിലും കയറാൻ പോലും കഴിയുമായിരുന്നില്ല....പാർട്ടി തീരുമാനമാണ് അനുസരിക്കണം... അവർ എന്നേ ബലിയാടാക്കി... ഞാൻ എട്ടുനിലയിൽ തോറ്റു... പിന്നീട് യൂത്ഫെസ്റ്റിവലും കോളേജ് ഡേയുമെല്ലാം കഴിഞ്ഞപ്പോൾ ഞാൻ താരമായി, നാടകം, മോണോ ആക്ട്, സിംഗിൾ ഡാൻസ്, അങ്ങിനെയുള്ള ഇനങ്ങളെല്ലാം ഞാൻ തൂത്തുവാരി.... 
അങ്ങിനെ രണ്ടാം PDC ആയി റാഗിംഗ് ഒക്കെ കുഞ്ഞു തമാശയിലൊതുക്കി... ഒരു ഫസ്റ്റ് pdc ക്കാരി പെൺകുട്ടിയെ തമാശയ്ക്ക് വളച്ചു വളച്ചു സംഗതി സീരിയസ് ആയി...  
പ്രണയം മൊട്ടിട്ടു.. 
ഇലക്ഷൻ വന്നപ്പോൾ SFI എന്നേ തഴഞ്ഞു... കഴിഞ്ഞ വർഷം തോറ്റതല്ലേ ഇനി സീറ്റു തരാൻ പറ്റില്ല... 
സ്വതന്ത്രനായി മത്സരിക്കാലോ... 
ഓ ആയിക്കോട്ടെ... 
എന്നേ കളിയാക്കി അവർ.. പോയി.... 
ഞാൻ പുതിയൊരു പാർട്ടി ഉണ്ടാക്കി.. 
സോപ്പ് പാർട്ടി... സ്ഥാനാർത്ഥികളെ നിശ്ചയിച്ചു... കണ്ടാൽ ദയ തോന്നുന്ന ശാരീരിക പ്രകൃതമുള്ളവരായിരുന്നു എല്ലാ സ്ഥാനാർത്ഥികളും ഞാൻ മാത്രമേയുള്ളൂ തടിയുള്ള ആൾ... അതിൽ പ്രധാന സ്ഥാനാർഥി വർക്കി യായിരുന്നു മറ്റൊരാൾ മൊയ്തു എന്നോ മറ്റോ ആണ് ഓർമ്മയിൽ ആ പേരിന്റെ കാര്യത്തിൽ സംശയം ഉണ്ട്.. വർക്കിയെ കുറിച്ചു അന്നുണ്ടാക്കിയ മുദ്രാവാക്യം ഇപ്പോഴും ഓർമ്മയുണ്ട് . 
വർക്കത്തുള്ളൊരു വർക്കിയെ നിങ്ങൾ. 
വർക്കത്തോടെ ജയിപ്പിച്ചാൽ വർക്കത്തുള്ളൊരു ഭരണം നമ്മുടെ വർക്കിച്ചായൻ നൽകീടും... 
ഞാനാണ് ക്ലാസ്സിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുക... 
അന്ന് കടമ്മനിട്ടയുടെ കുറത്തി കവിത കാമ്പസിൽ ഹിറ്റായിരുന്നു അതിന് പാരഡി ഉണ്ടാക്കിയാണ് വർക്കിയെ പരിചയപെടുത്തിയത്... 
വാഴവറ്റ ബസ്സിലെന്നും വർക്കിയെത്തുന്നു... 
വളഞ്ഞ ചൂരൽ കമ്പ് പോലെ വർക്കിയാടുന്നു.. 
ഇങ്ങിനെ കവിത തുടങ്ങും. 
കവിത തുടങ്ങിയാൽ കുട്ടികൾ ഡെസ്കിൽ താളമിട്ട് പ്രോത്സാഹിപ്പിക്കും... പിന്നെ മൊയ്തുവിനെ പരിചയപ്പെടുത്തും.. അദ്ദേഹത്തെ കണ്ടാൽ തന്നെ കരുണ തോന്നും അസ്ഥിയെ ഉള്ളു മാംസമില്ല... കണ്ണ് സ്വൽപ്പം തള്ളിയിട്ടാണ്.... 
ഞാൻ കത്തിക്കുന്നത് ഇങ്ങിനെയാണ്.. 
പ്രിയമുള്ളവരേ... ഇദ്ദേഹത്തിന്റെ എക്സ്റേ എടുക്കാൻ അമ്പത് വാട്സിന്റെ ബൾബ് പിന്നിൽ കത്തിച്ചു വച്ചാൽ മതി... അസ്ഥികൾ തെളിഞ്ഞു കാണാം... ദാരിദ്ര്യം അനുഭവിച്ചു വളരുന്ന ഇദ്ദേഹത്തിനെ വേണ്ടേ നാം ജയിപ്പിക്കാൻ.... 
ഈ സമയം മൊയ്തു ഷർട്ടിന്റെ ബട്ടൻസ് അഴിക്കും നെഞ്ചിൻ കൂട് കാണിക്കും... അതു കണ്ടാൽ ആരും വോട്ട് ചെയ്തു പോകും 
പിന്നെ എന്നേ പരിചയപ്പെടുത്തുന്നത് ഫസ്റ്റ് pdc യിൽ മാത്രം ബാക്കി എല്ലാവർക്കും എന്നേ നന്നായി ഒരു വർഷം കൊണ്ടറിയാം... വർക്കിയും മൊയ്തുവും uuc ആയാണ് മത്സരിക്കുന്നത് ഞാൻ ഫൈൻ ആർട്സ് സെക്രട്ടറി ആയിട്ടും.. SFI, KSU പരസ്പരം ആരോപണ പ്രത്യാരോപണം നടത്തി പ്രചരണം നടത്തുമ്പോൾ ഞങ്ങൾ പക്കാ കോമഡി പ്രചരണം... കൂടുതലും നെഗറ്റീവ് പ്രചരണം.. ഞങ്ങൾ ജയിച്ചാൽ സ്വിമ്മിംഗ് പൂൾ മുതൽ വിമാനത്താവളം വരെ ഓഫർ ചെയ്തുകൊണ്ട് മുന്നേറി... ഇതിനിടയിൽ ഞാൻ സീറ്റ് കിട്ടാത്തത്കൊണ്ട് കാലുമാറിയതാണെന്നുള്ള പ്രചാരണം SFI തുടങ്ങി... SFI എന്റെ കാലുമാറ്റക്കഥ പറഞ്ഞിറങ്ങുമ്പോൾ, ഞാൻ പ്ലാറ്റുഫോമിലേക്ക് കയറി പറഞ്ഞു... അതേ ഞാൻ SFI കാരൻ തന്നെയായിരുന്നു... പക്ഷെ കമ്മ്യുണിസ്റ്റ്കാർക്ക് വേണ്ടി ആദിവാസി ഊരുകളിലേക്ക് സഖാക്കൾ കന്നാസിൽ തന്ന ചാരായം പേറി നടക്കേണ്ടി വന്നപ്പോൾ, അത് തെറ്റല്ലേ എന്ന് മൂത്ത സഖാവിനോട് ചോദിച്ചപ്പോൾ, ഒരു മുഖ്യ ശത്രുവിനെ ഇല്ലാതാക്കാൻ ഏതു വൃത്തികെട്ട മാർഗ്ഗവും സ്വീകരിക്കാം എന്നാണ് പറഞ്ഞത്... അങ്ങിനെത്തെ ഒരു പാർട്ടി വിട്ട് പോകുന്നതല്ലേ ശരി... കുട്ടികൾ ഭയങ്കരമായി കയ്യടിച്ചു... സത്യത്തിൽ ഞാൻ നുണയല്ല പറഞ്ഞത് തൊട്ടുമുമ്പത്തെ നിയമ സഭാ ഇലക്ഷനിലെ അനുഭവം തന്നെയാണ് പറഞ്ഞത്, ഇത് അന്നുതന്നെ പാർട്ടി ഓഫീസിൽ സംസാരവിഷയമായി. അവർ എന്റെ അടുക്കൽ വന്നു ഇനി അലി അക്ബറേ കുറിച്ച് എസ്എഫ്ഐ ഒന്നും പറയില്ല തിരികെയും ഒന്നും പറയരുത്... ആ ധാരണ നടപ്പിലായി... 
ഇലെക്ഷൻ കഴിഞ്ഞു വോട്ടെണ്ണൽ തുടങ്ങും മുൻപ് തോൽക്കും എന്നുറപ്പുള്ള ഞങ്ങൾ സ്ഥാനാർകൾക്കെല്ലാം റീത്തുണ്ടാക്കി വച്ചു.. അനൗൺസ്‌മെന്റ് വരുമ്പോൾ തോൽക്കുന്നവർക്ക് റീത്ത് സമർപ്പിക്കാൻ പ്ലാനിട്ടു.. മുഴുവൻ റിസൾട്ട് വന്നാൽ കിട്ടിയ വോട്ടിനു സിന്ദാബാദ് വിളിച്ചു ആദ്യ പ്രകടനം.. എല്ലാം റെഡി.... വോട്ടെണ്ണൽ തുടങ്ങിയപ്പോൾ KSU വും SFI യും വിയർത്തു.... എന്റെ എതിർ സ്ഥാനാർഥി ബാലഗോപാലൻ അലീ നീ പറ്റിച്ചല്ലോ എന്ന് ഇടയ്ക്ക് വന്നു പറഞ്ഞു. 
എന്റെ പാർട്ടിക്ക് അവരുടെ അത്രതന്നെ വോട്ട്... ഞാൻ തോറ്റത് പത്തിൽ താഴെ വോട്ടിന് SFI മൂന്നാം സ്ഥാനത്തേക്ക്, എന്റെ പാർട്ടിക്ക് ഒരു UUC സീറ്റിൽ ജയം... നമ്മുടെ ഉണ്ടക്കണ്ണൻ ജയിച്ചു... അതു St.മേരീസ് കോളേജിന്റെ ചരിത്രത്തിൽ ആദ്യ അനുഭവം ആയിരുന്നു... കിട്ടിയ വോട്ടിനു സിന്താബാദ് വിളിക്കാൻ നിന്ന ഞങ്ങൾക്ക് പെട്ടി നിറച്ചും വോട്ട് കിട്ടി പിന്നീടുള്ള വർഷങ്ങളിൽ ഇരു പാർട്ടികളുടെയും അഭ്യർത്ഥന മാനിച്ചു എന്റെ പാർട്ടി പിരിച്ചു വിട്ടു, പകരം ആരുജയിച്ചാലും യൂത്ത് ഫെസ്റ്റിവൽ, കോളേജ് ഡേ തുടങ്ങിയ കാര്യങ്ങളിൽ എനിക്കായിരുന്നു പ്രധാന ചുമതല... എന്റെ പ്രണയം എന്തായി എന്ന് വായിക്കുന്നവർക്ക് ആകാംക്ഷ ഉണ്ടാവും.. അതു ക്യാമ്പസിൽ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും അറിയാവുന്ന രഹസ്യം ആയിരുന്നു...
ക്യാംപസിൽ ഒരു ദിവസം ഞങ്ങളെ ഒരുമിച്ചു കണ്ടില്ലെങ്കിൽ എന്ത് പറ്റി എന്ന അന്വേഷണം വരും... ഇപ്പോഴും ആ പ്രണയിനി തന്നെയാണ് എന്റെ ഭാര്യ എന്ന് വിശ്വസിക്കുന്നവരേറെ ഉണ്ട്.... ..
pdc രണ്ടാം വർഷം ഞങ്ങളുടെ പ്രിൻസിപ്പലായി KP ജോണി സാർ ചാർജ്ജെടുത്തിരുന്നു.... 
കലോത്സവത്തിന് മാത്രമായിരുന്നില്ല എനിക്ക് കലാപരിപാടി... ക്രിസ്ത്യൻ മാനേജ്‍മെന്റ് കോളേജ് ആയത്കാരണം ഇടയ്ക്കിടെ ക്രിസ്ത്യാനികളുടെ പരിപാടികളൊക്കെ കോളേജിൽ വരും, അപ്പോൾ പ്രിൻസിപ്പൽ എന്നേ വിളിപ്പിച്ചു പറയും നാളെ ഞങ്ങളുടെ ഒരു പരിപാടി ഉണ്ട് അലി അക്ബർ ഒരു മണിക്കൂർ കലാപരിപാടി വയ്ക്കണം.. ചിലപ്പോൾ എന്റെ ഒറ്റയ്ക്കുള്ള മോണോ ആക്ട് ആവും, അല്ലെങ്കിൽ കൂട്ടുകാർ കൂടെയുണ്ടാകും, പ്രിൻസിപ്പൽ ലയൺസ് മെമ്പർ ആയിരുന്നു അവിടെയും പരിപാടി കാണും... 
എന്റെ കുരുത്തക്കേടൊക്കെ സാറിനറിയാമായിരുന്നുവെങ്കിലും ഒരു കലാകാരനോടുള്ള സ്നേഹം കാരണം പലപ്പോഴും പലതിനും കണ്ണടച്ചിരുന്നു... 36 വർഷങ്ങൾക്ക് ശേഷം രണ്ടാഴ്ച മുൻപ് ഞാനദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചിരുന്നു അതിന് മനോഹരമായൊരു മറുപടി കിട്ടി.. പ്രിസിപ്പലിനോട് മാത്രമായിരുന്നില്ല മുഴുവൻ അധ്യാപകരോടും വലിയ ഇഷ്ടമായിരുന്നു.. രാജുസാർ, ബാലഗോപാലൻ സാർ, സണ്ണി സാർ, ബാബുസാർ, മത്തായി സാർ, ഗീതാ മിസ്സ്‌, ശാന്താ മിസ്സ്‌, എന്നുവേണ്ട മറ്റു ഡിപ്പാർട്ട്മെന്റിലെ ആദ്യാപകരോടും നല്ല ബന്ധമായിരുന്നു.. 
അതേപോലെക്ലാസ്സിൽ എല്ലാവരും കുടുംബംഗങ്ങളായിരുന്നു..ജോസെഫ് അബ്ദുള്ള, ജയപ്രകാശ്, മിനി, ആലീസ്,കാട്ടുകോഴി(യഥാർത്ഥ പേര് ഓർമ്മയില്ല), ജൈനമ്മ ചെറിയാൻ, പിന്നെ ഒരു ചേച്ചി പേര് വിളിക്കാറുണ്ടായിരുന്നില്ല, അവരെ അടുത്ത കാലത്ത് ഗുരുവായൂരിനടുത്ത് വച്ചു കണ്ടിരുന്നു,..PDC ക്ക് ഞങ്ങൾ 32 പേരായിരുന്നു ഞാൻ, പിന്നെ ജോസെഫ് രണ്ടു പേരായിരുന്നു ഇരട്ടകളും ഉഴപ്പന്മാരും, ആദ്യ പിരീഡ് കഴിഞ്ഞാൽ ഒന്ന് മുങ്ങി പുകച്ചു ചായകുടിച്ചു നടക്കും, ചില അധ്യാപകരുടെ ക്ലാസ് കട്ട് ചെയ്യില്ല. ജോസെഫിന്റെ സഹോദരൻ കോളേജിലെ ലക്ച്ചർ ആയിരുന്നു, തലയിൽ ആൾ താമസം ജോസെഫിനുണ്ടായിരുന്നു, അത് കൊണ്ട്, ക്ലാസ്സിൽ ഉഴപ്പിയാലും പരീക്ഷയിൽ എപ്പോഴും ഒന്നാമനാവും ഞാൻ കഷ്ടി മുട്ടി.. ഒന്നാം വർഷം ഒരു പേപ്പർ പോയിരുന്നു... ക്‌ളാസ്സിലെ സഹോദരികൾ എപ്പോഴും പറയും എന്തിനാ അലി ഇങ്ങിനെ ഉഴപ്പുന്നത്... 
ക്ലാസ്സിൽ കയറിക്കൂടെ... എപ്പോഴും ആ ഉപദേശം ഞാനൊരു ചെറു ചിരിയോടെ സ്വീകരിക്കും അത്ര തന്നെ...
PDC ക്ക് ഒരുപാട് കഥാപാത്രങ്ങൾ... മറന്നുപോകാത്ത കുറേ കഥാപാത്രങ്ങൾ ക്യാംപസിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ ഓർക്കുന്നത് കച്ചറ മറിയത്തെ ആയിരുന്നു, കരുത്തുറ്റ ഒരച്ചായത്തി, ആണുങ്ങൾ തോറ്റുപോകും, വോളിബോൾ പ്ലയെർ ആയിരുന്നു, ഞങ്ങടെ കൂടെ ഇരുന്ന് സിഗരറ്റ് വലിക്കും, മറിയത്തിന്റ തമാശകൾ മറിയത്തിന്റ സമ്മതമില്ലാതെ എഴുതാൻ പറ്റില്ലല്ലോ... അതിനാൽ എഴുതുന്നില്ല, എന്നെങ്കിലും ആ കഥാപാത്രത്തെ സിനിമയിൽ ഉൾപ്പെടുത്തണം എന്നുണ്ടായിരുന്നു, ഒരു ക്യാംപസ് സിനിമ എടുക്കാൻ പറ്റിയില്ല.. ബാക്കിയുള്ള ആഗ്രഹം ആണത് എന്റെ ക്യാംപസ് സ്റ്റോറി..... "അപ്പനാരാ മോൻ".. 
ആ വർഷം ഞാൻ കോളേജിന് ഒരു സംഭാവന നൽകിയിട്ടുണ്ട്, ഇപ്പോഴും പ്ലസ് ടൂ വിന്റെ മുൻപിൽ അതുണ്ട്... 
കോളേജിൽ സ്റ്റേജ് ഉണ്ടായിരുന്നില്ല, ഫെസ്റ്റിവൽ ആവുമ്പോൾ വീപ്പ നിരത്തി പലക ഇട്ട് സ്റ്റേജ് കെട്ടും, ലേഡീസ് ഹോസ്റ്റലിലെ പിള്ളാരുടെ സാരിയൊക്കെ വലിച്ചുകെട്ടിയാണ് ഡെക്കറേഷൻ, അങ്ങിനെയാണ് പരിപാടി നടത്തുക. അക്കൊല്ലത്തെ യൂത്ത് ഫെസ്റ്റിവലിന് വേണ്ടി ഞാൻ നാടകം റിഹേഴ്സൽ ചെയ്യുന്ന സമയത്ത് ഹൗസ് ക്യാപ്റ്റൻ ജോസെഫ് പറഞ്ഞു ഓട്ടം തുള്ളലിന് ആരേം കിട്ടിയില്ല... ഞാൻ തമാശയ്ക്ക് പറഞ്ഞു ഞാൻ നല്ല തുള്ളല് കാരനാടോ... ജോസഫ് അത് സീരിയസ് ആയി എടുത്തു, എന്റെ ഇനം ഡാൻസ്, മോണോ ആക്ട്, നാടകം ഇത്രയേ ഉള്ളു... ഫെസ്റ്റിവൽ തുടങ്ങുന്നതിന്റ തലേന്ന് പറഞ്ഞു അലീ മറ്റന്നാളാ ഓട്ടൻ തുള്ളല്.. അതിനെന്താ? 
തുള്ളണം അത്രേയുള്ളൂ.. 
ആര്, 
അലി തന്നെ... 
ദൈവമേ എടൊ അത് ഞാൻ തമാശയ്ക്ക് പറഞ്ഞതാ... 
അതൊന്നും എനിക്കറിയേണ്ട ഞാൻ പേര് കൊടുത്തിട്ടുണ്ട് പേര് വിളിക്കുമ്പോൾ സ്റ്റെജിൽ കയറിയേക്കണം... ഇതും പറഞ്ഞു ജോസെഫ് പോയി... 
ആ സമയം തൊട്ടടുത്ത റൂമിൽ കുമാരൻ ഓട്ടൻതുള്ളൽ പ്രാക്റ്റീസ് ചെയ്യുന്ന ശബ്ദം ഞാൻ കേട്ടു, ജനലിലൂടെ ഞാൻ കുറേ നേരം നോക്കി നിന്നു... സംഗതി സ്റ്റെപ്പ് ഈസിയാണ് ഡാൻസ് അൽപ്പസ്വാല്പം അറിയാവുന്നത്കൊണ്ട് താളം പിടി കിട്ടി, 
അന്ന് ബസ്സിൽ തിരിച്ചു പോകുമ്പോൾ കൂട്ടുകാരായ ലക്ഷ്മണനോടും ബാലനോടും ഞാൻ പറഞ്ഞു മറ്റന്നാൾ നമ്മൾ ഒരു സാഹസം കാണിക്കാൻ പോവുന്നു... 
ഞാൻ പാടും നിങ്ങൾ അതേറ്റു പാടിയാൽ മാത്രം മതി.. 
എന്താ ഗ്രുപ്പ് സോങ്ങാണോ?  
അല്ല ഓട്ടൻതുള്ളൽ..
അയ്യോ... 
ഒരു അയ്യോയുമില്ല തുള്ളുന്നത് ഞാനല്ലേ.. നിങ്ങൾ ഏറ്റുപാടിയാൽ മാത്രം മതി. 
ട്യൂൺ അറിയാലോ... 
എന്നാലിനിയൊരു കഥയുര ചെയ്യാം എന്നുടെ വായിൽ തോന്നിയ പോലെ... അത്രേയുള്ളൂ 
അതങ്ങോട്ട് ഏറ്റു പാടുക തന്നെ. 
അതോക്കെ... അവർ സമ്മതിച്ചു. 
വീട്ടിലെത്തി അന്നുതന്നെ കാർഡ് ബോർഡും ഗിൽറ്റ് പേപ്പറും, റിബ്ബണുമൊക്കെ വാങ്ങി പണി തുടങ്ങി... 
രാത്രി തന്നെ പാട്ടും എഴുതി... 
കോളേജിലെ സ്റ്റേജ് തന്നെ പ്രമേയം.. 
😃
സാവിത്രീടെ സാരി തുണിയും 
ഗായത്രീടെ വേഷ്ടിത്തുണിയും 
എല്ലാം കൂടി കൂട്ടിക്കെട്ടി 
നന്നായിട്ടൊരു പന്തല് കെട്ടി.. 
😃
കണ്ടം വച്ചൊരു കോട്ടതു പോലെ 
കണ്ടോ നല്ലൊരു വലിയൊരു പന്തൽ.. 
മുമ്പിലിരിക്കും സാറന്മാരെ ചൊല്ലുകയെന്നീ 
പന്തല് മാറും.. 
ഇങ്ങിനെ പോയി വരികൾ 
പരിപാടി രണ്ടാം ദിവസം അന്ന് കോളേജ് മുതലാളി നൂറനാൾ അച്ഛനും പന്തലിലുണ്ട്.. 
ഞാൻ ആടിത്തകർത്തു പിള്ളേർ ഇളകി മറിഞ്ഞു... 
ഓട്ടൻതുള്ളലിന് എനിക്ക് ഫസ്റ്റ്... 
😃
അടുത്ത മാസം സ്റ്റേജിന്റെ പണി തുടങ്ങി... ഞാൻ സിനിമാ സംവിധായകൻ ആയതിനു ശേഷം ആ സ്റ്റേജിൽ ഒരിക്കൽ കൂടി കയറിയിട്ടുണ്ട്... 
രണ്ടാം വർഷ പരീക്ഷ എഴുതാൻ അറ്റൻഡൻസ് കുറവുണ്ട്... അതഡ്ജസ്റ്റ് ചെയ്യാൻ ഞാൻ പ്രിൻസിപ്പാൾ ജോണി സാറിന്റെ മുൻപിലെത്തി.. സാർ എന്നോട് പറഞ്ഞു.. വലിയ അറ്റൻഡൻസു കുറവുണ്ട് താനെന്തായാലും ജയിക്കില്ല, ഒരു കാര്യം ചെയ്യൂ... കുറവുള്ള അറ്റൻഡൻസ് അടുത്ത വർഷം മേക്കപ്പ് ചെയ്യാം അത്രയും ദിവസം കലാ പരിപാടി ഒക്കെ നടത്താലോ.. 
ഞാൻ പറഞ്ഞു സാറെ അടുത്ത വർഷം ഞാൻ ഡിഗ്രിക്ക് വരാം സാർ സീറ്റ് തന്നാൽ മതി, 
സാർ കളിയാക്കി ചിരിച്ചു... 
ഒരുപാട് നിർബ്ബന്ധിച്ചതിനു ശേഷമാണ് സാർ എനിക്ക് അറ്റൻഡൻസ് അഡ്ജസ്റ്റ് ചെയ്തു തന്നത്... എനിക്കൊരു സ്വഭാവം ഉണ്ടായിരുന്നു അവസാന രണ്ടു മാസം ആരുമറിയാതെയുള്ള പഠിത്തം... രാത്രി വെളുക്കും വരെ ഇരിക്കും ആരോടും ഇത് പറയാറില്ല.. പിന്നെ ബൈഹാർട് പഠിക്കുന്ന സ്വഭാവം തീരെയില്ല പാഠം മനസ്സിലാക്കി എന്റെ ഭാഷയിൽ ഉത്തരം എഴുതുന്നതാ രീതി... 
പരീക്ഷ എഴുതി... ജയിക്കുമെന്ന് ഉറപ്പുമുണ്ടായിരുന്നു ഫസ്റ്റ് ഇയറിൽ കിട്ടാത്ത പേപ്പറും എഴുതി.... റിസൾട്ട് വന്നപ്പോൾ സങ്കടകരമായ ഒരവസ്ഥ ഉണ്ടായി, ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു ആ റിസൾട്ട്... തുടരണോ? 
ലൈക്കും ഷെയറും 
കുറയുന്നോ എന്നൊരു തോന്നൽ..

Post a Comment

0 Comments

Top Post Ad

Below Post Ad