സംഘഭാഷ...സമാജത്തിന്റെ സംഘടനയായ സംഘത്തിന്റെ ഭാഷയെന്താണ് ..?

സംഘഭാഷ...

          ഒരു സംഘടനക്കതിന്റെ ആശയം സമാജത്തിലേക്കെത്തിക്കാൻ ഭാഷ അനിവാര്യമാണ്.. ഓരോ സംഘടനകളും അതിനുപയോഗിക്കുന്ന ഭാഷാരീതികൾ വിത്യസ്തമാണ്.. ചില സംഘടനകൾ ആവേശം ജനിപ്പിക്കുന്ന ഭാഷയിലൂടെ ആശയം കൈമാറാൻ ശ്രമിക്കുമ്പോൾ മറ്റു ചിലത് ക്രോധത്തിന്റെ ഭാഷയാൽ ആളുകളെ സംഘടിപ്പിക്കാൻ ശ്രമിക്കുന്നു.. മറ്റുചിലരാവട്ടെ പല ഗ്രന്ഥങ്ങളും, മഹാൻമാരുടെ  വാക്കുകളും, തത്വശാസ്ത്രങ്ങളുമെല്ലാം വിസ്തരിച്ച് സമൂഹത്തോട് സംവദിക്കാൻ ശ്രമിക്കുന്നു.. ഇവിടെ സമാജത്തിന്റെ സംഘടനയായ  സംഘത്തിന്റെ ഭാഷയെന്താണ് ..?


         സംഘഭാഷ ചിട്ടപ്പെടുത്തിയത് ഡോക്ടർജിയാണ്. മേൽപറഞ്ഞ ഭാഷകളെല്ലാം ഡോക്ടർജിക്ക് വശമുണ്ടായിരുന്നു. ഉദാഹരണത്തിന് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് വാക്കും പ്രവൃത്തിയും തമ്മിൽ ബന്ധമില്ലാത്തതിനെതിരെ അദ്ദേഹം പ്രതികരിച്ചത് രോഷത്തിന്റെ ഭാഷയിലായിരുന്നു.. ബ്രിട്ടിഷുകാർക്ക് എതിരായി ജനമധ്യത്തിലും , കോടതിയിലും  ആവേശോജ്ജ്വലമായി ഭാഷണം നടത്തിയതിന്റെ പേരിലാണല്ലോ അദ്ദേഹത്തെ ജയിലിലുമടച്ചത്.. ബാല ഗംഗാധര തിലകൻ അദ്ദേഹത്തെ ഏറെ സ്വാധീനിച്ച നേതാവായിരുന്നു. എന്നാൽ സംഘമാരംഭിച്ച ശേഷം ഡോക്ടർജിയുടെ  സംവദിച്ചത് രോഷത്തെയോ, ആവേശത്തേയോ, മഹദ് വചനങ്ങളെയോ  ഒന്നും കൂട്ടുപിടിച്ചായിരുന്നില്ല.. ഇതൊന്നും ഇല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ഭാഷ ആയിരങ്ങളെ സ്വാധീനിച്ചു. സർവവും വിട്ടെറിഞ്ഞ് നാടിനായി തങ്ങളുടെ ജീവിതം സമർപ്പിക്കാൻ അവരെ ആ ഭാഷ പ്രേരിപ്പിച്ചു.  ആ പുതിയ ഭാഷാ രീതിയുടെ സവിശേഷത എന്തായിരുന്നു ?


     അത് ഹൃദയത്തിന്റെ ഭാഷയായിരുന്നു... അത് തീർത്തും സരളമായിരുന്നു.. ലളിതമായിരുന്നു, ആർക്കും മനസിലാവുന്നതായിരുന്നു. നെഞ്ചിൽ തറക്കുന്നതായിരുന്നു.  മനസിലാകാത്ത കടുത്ത പദ പ്രയോഗങ്ങളൊന്നും തന്നെ അതിലുണ്ടായിരുന്നില്ല. രോഷത്തിന്റെയോ, ആവേശത്തിന്റെയോ, പ്രകോപനത്തിന്റെയോ കണികപോലും അതിലുണ്ടായിരുന്നില്ല.. ഉണ്ടായിരുന്നത് ശുദ്ധ സ്നേഹവും , നിറഞ്ഞു തുളുമ്പിയ രാഷ്ട്ര ഭക്തിയും മാത്രമായിരുന്നു.. 


       അദ്ദേഹം നമ്മോട്  സംവദിച്ചത് ഈ രീതിയിലായിരുന്നു. " ഭാരതം നമ്മുടെ അമ്മയാണ്. ഈ പവിത്ര ഭൂമിയാണ് നമ്മുക്കെല്ലാം നൽകിയത്. വാത്സല്യം പകർന്ന് നമ്മെ പരിപാലിച്ച അമ്മക്കു വേണ്ടി നമ്മുക്കെന്തു ചെയ്യാൻ സാധിക്കും.. അമ്മയെ സേവിക്കേണ്ടത് മക്കളായ നമ്മളല്ലേ ? എന്തു നൽകിയാലാണ് മതിയാവുക.." ഇത്തരത്തിൽ മഹദ് വചനങ്ങളോ,  ചിന്തോദ്ദീപകങ്ങളായ ഉദ്ബോധനങ്ങളോ, വലിയ തത്വശാസ്ത്ര വിസ്താരമോ കൂടാതെ അദ്ദേഹം സമാജത്തോട് സംസാരിച്ചപ്പോൾ ആ ഭാഷ സംവദിച്ചത് ശ്രോതാക്കളുടെ ബുദ്ധിയുമായിട്ടായിരുന്നില്ല ഹൃദയങ്ങളുമായിട്ടായിരുന്നു..  


  ഒരു വിവേകാനന്ദനും, ഒരു ഗാന്ധിജിയും ഒരു ശിവാജിയും  മാത്രമേ ഉണ്ടായുള്ളൂ.. എന്നാൽ കൺ തുറന്നു നോക്കൂ..  ഡോക്ടർജിക്കു ശേഷം എത്രയെത്ര ഡോക്ടർജിമാർ ഉണ്ടായി..?  അതിനു കാരണം തന്റെയുളളിലെ ആശയത്തെ അതേ ഭാവതീവ്രതയോടെ എല്ലാവരിലും എത്തിക്കാൻ ഡോക്ടർജിക്ക് സാധിച്ചത് കൊണ്ടാണ്. അതിന് സഹായകമായത് അദ്ദേഹം സ്വീകരിച്ച ഹൃദയത്തിന്റെ ഭാഷയായിരുന്നു. വാക്ക് ഒന്ന് പ്രവർത്തി വേറെ ഒന്ന് എന്ന രീതിയല്ല... ഡോക്ടർജി ആശയം പകർന്നവർ ആവേശ പുളകിതരായില്ല.. പകരമവർ നാടിനായി തനിക്കെന്തു ചെയ്യാനാവുമെന്ന ചിന്തയോടെ സമാജത്തിലേക്കിറങ്ങി തങ്ങളുടെ ജീവിതമർപ്പിക്കുകയാണ് ചെയ്തത്... 


സംഘമതിന്റെ പ്രയാണം തുടരുകയാണ്. ഇന്നീ രഥത്തെ ലക്ഷ്യപൂർത്തിയിലേക്ക് നയിക്കുന്ന സംഘസാരഥികളായ നമ്മൾ എപ്പോഴും ഓർക്കേണ്ടതൊന്നു മാത്രം.. നമ്മുടെ വാക്കും നോക്കും പ്രവൃത്തിയും ഹൃദയങ്ങളെ അഭിസംബോധന ചെയ്യുന്നതാവണം.. അർത്ഥം സംഘഭാഷ എന്നും ഹൃദയസ്പർശി ആയിരിക്കണം... 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad